ഖജുരാഹോ യാത്ര

ഖജുരാഹോയിലേക്ക് 
ഡിസംബർ മാസത്തിലെ കനത്ത മഞ്ഞു കാരണം ഉച്ചക്ക് രണ്ടര മണിക്ക് എത്തേണ്ട ഉദയപ്പൂർ-ഖജുരാഹോ ട്രെയിൻ വൈകിട്ട് ആറു മണിക്കാണ് ഝാൻസി സ്റ്റേഷനിൽ എത്തിയത്. ആളൊഴിഞ്ഞ ട്രെയിയിനിൽ ഞങ്ങൾ യാത്ര തുടങ്ങി. കമ്പാർട്ട്മെന്റിൽ ഞങ്ങളും, മധ്യവയസ്കരായ ദമ്പതികളും മാത്രം. ആളൊഴിഞ്ഞ ട്രെയിൻ ആയതു കൊണ്ടാവണം ട്രെയിൻ അതിശക്തമായി കുലുങ്ങിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. അസഹനീയമായ തണുപ്പിൽ ട്രെയിനോടൊപ്പം ഞങ്ങളും  കുലുങ്ങി വിറച്ചു കൊണ്ടിരിന്നു. രാത്രി പത്തു മണിക്ക് ട്രെയിൻ ഖജുരാഹോ സ്റ്റേഷനിൽ എത്തി ചേർന്നു.

Khajuraho railway station
ഖജുരാഹോ റെയിൽവേ സ്റ്റേഷൻ

വിനോദ സഞ്ചാരികളെ മാത്രം പ്രതീക്ഷിച്ചു നിർമിക്കപ്പെട്ട ഒരു ചെറിയ റെയിൽവേ സ്റ്റേഷൻ ആണ് ഖജുരാഹോ. റെയിൽവേ പാത ഇവിടം കൊണ്ട് അവസാനിക്കുകയാണ്. ട്രെയിനിൽ ഉണ്ടായിരിന്ന മറ്റു വിനോദ സഞ്ചാരികളോടൊപ്പം ഞങ്ങൾ സ്റ്റേഷന്റെ പ്രധാന കവാടത്തിലേക്ക് നടന്നു. ഖജുരാഹോ ക്ഷേത്രങ്ങളിലേക്ക് അവിടെ നിന്നും എട്ടു കിലോമീറ്റർ ദൂരമുണ്ട്. വലിയ ഒരു ഓട്ടോ ടാക്സിയിലേക്ക് ഞങ്ങൾ ഞെരുങ്ങി കയറിക്കൂടി. സന്താന ബാഹുല്യം ഉള്ള രണ്ടു വടക്കെ ഇന്ത്യൻ കുടുംബങ്ങളാണ് ഞങ്ങളോടൊപ്പം ഓട്ടോ റിക്ഷയിൽ ഉണ്ടായിരിന്നത്. വടക്കെ ഇന്ത്യൻ നഗരങ്ങളിൽ ഷെയർ ഓട്ടോ റിക്ഷകൾ ആണ് പ്രധാന യാത്രാ മാർഗം. വളരെ കുറഞ്ഞ കൂലി മാത്രമേ അവർ യാത്രക്കാരിൽ നിന്നും ഈടാക്കുന്നുള്ളു. കണ്ടാരിയ ക്ഷേത്ര പരിസരത്ത് തന്നെ കൂടുതൽ താമസ സൗകര്യം ഉള്ള ഒരു സ്ഥലത്ത് ഞങ്ങളെ റിക്ഷ ഡ്രൈവർ ഇറക്കി.

ചിലവു കുറഞ്ഞതും കൂടിയതുമായ എല്ലാ തരത്തിൽപ്പെട്ട താമസ സൌകര്യങ്ങൾ ഇവിടെ ലഭ്യമാണ്. വിനോദസഞ്ചാരം കൊണ്ട് മാത്രം വികസനം സിദ്ധിച്ച ഒരു ഗ്രാമം ആണ് ഖജുരാഹോ. മധ്യപ്രദേശിലെ ഝത്തർപ്പൂർ ജില്ലയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഭേദപ്പെട്ട ഒരു ലോഡ്ജിൽ ഞങ്ങൾ ഒരു മുറി തരപ്പെടുത്തി. ഭക്ഷണ ശാലകൾ എല്ലാം തന്നെ അടച്ചിരിന്നു. ലോഡ്ജിലെ സഹായി സമീപത്തു തന്നെയുള്ള അടക്കാൻ തുടങ്ങുകയായിരിന്ന ഒരു ഭക്ഷണ ശാലയിൽ ഞങ്ങളെ എത്തിച്ചു. ഗോതമ്പ് റോട്ടിയോടൊപ്പം മലായ് കോഫ്ത എന്ന പഞ്ചാബി വംശജനായ കറി കൂട്ടി കഴിച്ചു. തിരികെ മുറിയിലെത്തിയ ഞങ്ങൾ അവിടെ ഉണ്ടായിരിന്ന കട്ടി കൂടിയ കമ്പിളിക്കുള്ളിൽ കയറിക്കൂടി ഉറക്കം തുടങ്ങി.മരം കോച്ചുന്ന മഞ്ഞിനെ അവഗണിച്ചു കൊണ്ട് ഞങ്ങൾ അതിരാവിലെ തന്നെ ഖജുരാഹോ ക്ഷേത്ര ദർശനത്തിനു തയ്യാറായി. ചായ കുടിക്കാൻ പോയ വഴിക്ക് ഒരു ഓട്ടോറിക്ഷ  തയ്യാറാക്കി, 300 രൂപ കൂലി പറഞ്ഞുറപ്പിച്ചു. ഖജുരാഹോ പ്രദേശത്ത് നിരവധി ക്ഷേത്രങ്ങൾ ഉണ്ട്. പ്രധാന ക്ഷേത്രങ്ങൾ കാണാൻ വാഹനം കൂടിയേ തീരൂ.

ക്ഷേത്രങ്ങളിലേക്ക്
പന്ത്രണ്ടാം നൂറ്റാണ്ടിൽ ചന്ദേല രാജാക്കന്മാർ ആണ് ക്ഷേത്രങ്ങൾ പണികഴിപ്പിച്ചത്. എണ്‍പത്തി അഞ്ചോളം ഷേത്രങ്ങൾ ഖജുരാഹോ പ്രദേശത്ത് ഉണ്ടായിരിന്നതായി പറയപ്പെടുന്നു. ഇരുപതോളം ക്ഷേത്രങ്ങൾ ഇപ്പോൾ നിലനിൽക്കുന്നുണ്ട്. ഹിന്ദുമത, ജൈനമത ക്ഷേത്രങ്ങൾ ഇക്കൂട്ടത്തിൽ ഉണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനം വരെ ഈ ക്ഷേത്രങ്ങളുടെ പ്രതാപ കാലം ആയിരിന്നു. പതിമൂന്നാം നൂറ്റാണ്ടോടു കൂടി ഡൽഹി മുസ്ലീം രാജാക്കന്മാർ ഈ പ്രദേശം നിരന്തരമായ ആക്രമണത്തിന് വിധേയമാകുകയും ക്ഷേത്രങ്ങളെ നശിപ്പിക്കുകയും ചെയ്തു. പതിനെട്ടാം നൂറ്റാണ്ട് വരെ ഈ സ്ഥിതി തുടർന്നു. പിന്നീട് ഈ പ്രദേശം കാടു കയറി ആരാലും ശ്രദ്ധിക്കപെടാതെ കിടന്നു. 1830 ൽ ടി. എസ്. ബർട്ട് എന്ന ബ്രിട്ടീഷുകാരൻ പ്രദേശ വാസികളുടെ സഹായത്തോടെ മറഞ്ഞു കിടന്ന ക്ഷേത്രങ്ങളെ കണ്ടു പിടിച്ചു. അതോടെ ഈ പ്രദേശം ലോകശ്രദ്ധ ആകർഷിച്ചു.

198b0-chaturbhuja2btemple
ചതുർഭുജ ക്ഷേത്രം

ഞങ്ങൾ ആദ്യം ചതുർഭുജ ക്ഷേത്രത്തിലേക്ക് ആണ് പോയത്. ക്ഷേത്രം സ്ഥിതി ചെയ്യുന്നത് തികച്ചും ഗ്രാമപ്രദേശത്താണ്. ചുറ്റും ചെറിയ വീടുകളിൽ ഗ്രാമീണർ താമസിക്കുന്നു. ഇതൊരു വിഷ്ണു ക്ഷേത്രമാണ്. താരതമ്യേന ചെറിയ ഒരു ക്ഷേത്രമാണ്. ചുറ്റും നടന്നു ശില്പ ഭംഗി ആസ്വദിച്ചു. ഈ ക്ഷേത്രം അകന്നു സ്ഥിതി ചെയ്യുന്നതു കൊണ്ടാവണം സഞ്ചാരികളെ ആരെയും തന്നെ കണ്ടില്ല.ഞങ്ങൾ അവിടെ നിന്നും ദുലാഡിയോ അഥവാ ദുലാദേവ (Duladeo/Duladeva)) എന്ന ശിവക്ഷേത്രത്തിലേക്ക് തിരിച്ചു.  രഥത്തിന്റെ മാതൃകയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. അപ്സരസ്സുകൾ മൈഥുനത്തിലേർപ്പിട്ടിരിക്കുന്ന ശിൽപങ്ങൾ ക്ഷേത്രത്തിന്റെ പുറം ഭിത്തികളിൽ കാണാം. വിശാലമായ ഒരു പുൽത്തകിടിയും നല്ലൊരു പൂന്തോട്ടവും ഈ ക്ഷേത്രത്തിനു ചുറ്റിനുമായി ഉണ്ട്. ഖോടർ എന്ന ചെറു നദിയുടെ (Khodar River) അരികിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ദുലാദേവ ക്ഷേത്രം
ദുലാദേവ ക്ഷേത്രം

പ്രദേശവാസികളായ സ്ത്രീകൾ പൂക്കൂടകളുമായി ക്ഷേത്രത്തിനുള്ളിലേക്ക് ആരാധനയ്ക്കായി കയറിപ്പോകുന്നത് കണ്ടു. ഈ കാഴ്ചകൾ ക്ഷേത്രത്തെ വളരെ മനോഹരമാക്കുന്നു. ടിവിയിലെ ഏതോ പുരാണ സീരിയലുകളിൽ കണ്ട പ്രകൃതി ദൃശ്യം പോലെ തോന്നി. ഈ ക്ഷേത്രവും അതിന്റെ ചുറ്റുപാടും എന്റെ മനസ്സിൽ ഇപ്പോഴും തങ്ങി നിൽക്കുന്നു.

1acc6-img_20141228_085950
ജൈന ക്ഷേത്രങ്ങൾ

ഖജുരാഹോയിലെ ജൈന ക്ഷേത്രങ്ങൾ
ഞങ്ങൾ തുടർന്നു ജൈന ക്ഷേത്രങ്ങൾ കാണാനായി തിരിച്ചു. ഒരു മതിൽക്കെട്ടിനുള്ളിലാണ് ജൈന ക്ഷേത്രങ്ങൾ എല്ലാം തന്നെ സ്ഥിതി ചെയ്യുന്നത്. പാർശ്വനാഥൻ, ആദിനാഥൻ, ശാന്തിനാഥൻ തുടങ്ങിയ ക്ഷേത്രങ്ങൾ ആണ് ഇവിടെ ഉള്ളത്. ക്ഷേത്രങ്ങളുടെ സൂക്ഷ്മമായ കൊത്തു പണികൾ  കാഴ്ച്ചക്കാരെ അമ്പരിപ്പിക്കും. ജൈന മത വിശ്വാസികൾ കൂടുതലായി എത്തുന്ന കൊണ്ടാവണം ഇവിടെ കൂടുതൽ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ക്ഷേത്രങ്ങളുടെ മതിലിനു വെളിയിൽ ഒരു മ്യുസിയം കൂടി ഉണ്ട്. ജൈനമത പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്ന ധാരാളം പ്രതിമകൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. മിക്കവാറും പ്രതിമകൾ മുഗൾ ചക്രവർത്തിമാരുടെ ആക്രമണ ഫലമായി ഗള േഛദത്തിനു വിധേയമായിട്ടുണ്ട്. ക്ഷേത്രത്തിനു വെളിയിൽ കുറച്ചു കച്ചവടക്കാർ സഞ്ചാരികളെ പിടികൂടാനായി നിൽപ്പുണ്ട്. കീ ചെയിൻ, വള, മാല തുടങ്ങിയ സാധനങ്ങൾ വിൽക്കുന്നവർ. നല്ല ചില ആർട്ട്‌ കലണ്ടറുകൾ വാങ്ങി ഞങ്ങൾ അവിടെ നിന്നും തിരികെ പോന്നു.

കണ്ടാരിയ മഹാദേവ ക്ഷേത്രം
ഖജുരാഹോ ക്ഷേത്രങ്ങളിൽ ഏറ്റവും വലുത് കണ്ടാരിയ മഹാദേവ ക്ഷേത്രം ആണ്. ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന വളപ്പിൽ അനവധി ക്ഷേത്രങ്ങൾ വേറെയുമുണ്ട്. ഖജുരാഹോ ക്ഷേത്രങ്ങൾ യുണസ്കോ പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നറിയിക്കുന്ന സാക്ഷ്യപത്രം ആണ് ക്ഷേത്ര വളപ്പിൽ കടക്കുന്നവരെ സ്വാഗതം ചെയ്യുന്നത്. ഭാരതീയ പുരാവസ്തു വകുപ്പ് (Archaeological Survey of India) ആണ് ഈ പൈതൃക സ്വത്തു പരിപാലിക്കുന്നത്.

"Khajuraho India, Varaha Temple" by Rajenver
“Khajuraho India, Varaha Temple” by Rajenver

ഗൈഡുകളുടെ സേവനം പ്രധാന കവാടത്തിൽ നിന്നും ലഭ്യമാണ്. ക്ഷേത്രങ്ങളുടെ ഘടനാപരമായ സൂക്ഷ്മ വിവരങ്ങൾ അറിയുന്നതിന് അവരുടെ സേവനം നല്ലതാണ്. അകത്തേക്ക് കയറി ചെല്ലുമ്പോൾ ആദ്യം കാണുന്നത് വരാഹ ക്ഷേത്രവും, ലക്ഷ്മണ ക്ഷേത്രവും ആണ്. കൊത്തുപണികളാൽ അലങ്കരിച്ച ഒരു കൂറ്റൻ പന്നിയുടെ പ്രതിമയാണ് വരാഹ ക്ഷേത്രത്തിന്റെ പ്രത്യേകത. വിഷ്ണുവിന്റെ ഒരു അവതാരം വരാഹം ആയിരിന്നല്ലോ. വരാഹ ക്ഷേത്രത്തിനു എതിർവശത്തായി പടുകൂറ്റൻ ലക്ഷ്മണ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

b374c-kandariya2btemple
കണ്ടാരിയ ശിവ ക്ഷേത്രം

ഉപക്ഷേത്രങ്ങൾ സന്ദർശിച്ച ശേഷം ഞങ്ങൾ പ്രധാന ആകർഷണമായ കണ്ടാരിയ ക്ഷേത്രത്തിലേക്ക് നടന്നു. ഈ ക്ഷേത്രത്തിന്റെ ശിഖരത്തിന് 102 അടി പൊക്കമുണ്ട്. ഇത് കൈലാസ ശിഖരത്തെ പ്രതിനിധീകരിക്കുന്നു. രൂപ ഘടന വളരെയധികം പ്രത്യേകതകൾ നിറഞ്ഞതാണ്‌. കല്ലിൽ കൊത്തിയ കവിത  എന്നു വേണമെങ്കിൽ ഖജുരാഹോ ക്ഷേത്രങ്ങളെ വിശേഷിപ്പിക്കാം. മണൽക്കല്ലിൽ (sandstone) ആണ് ക്ഷേത്രങ്ങൾ പടുത്തുയർത്തിയിരിക്കുന്നത്. അടിത്തറ ഗ്രാനൈറ്റ് കൊണ്ടും നിർമ്മിച്ചിരിക്കുന്നു. കല്ലുകൾ കൂട്ടിച്ചേർക്കാൻ കുമ്മായം പോലെയുള്ള വസ്‌തുക്കൾ ഉപയോഗിച്ചിട്ടില്ല.  മനോഹരമായ പുൽത്തകിടിയും, ഉദ്യാന വൃക്ഷങ്ങളും, പൂച്ചെടികളും ക്ഷേത്ര വളപ്പിനെ കൂടുതൽ മനോഹരമാക്കിയിരിക്കുന്നു. ഈ ക്ഷേത്രത്തിന്റെ മനോഹാരിത കാണുവാൻ രണ്ടു കണ്ണുകൾ പോര.

ഖജുരാഹോയിലെ ശിൽപങ്ങൾ 
ഖജുരാഹോയിലെ ശിൽപങ്ങളെക്കുറിച്ച് ഭാരതീയർക്ക് അത്ര മതിപ്പല്ല. രതി ശിൽപ്പങ്ങൾ എന്ന കാരണം പറഞ്ഞ് ആ പ്രദേശത്തേക്ക് തന്നെ പോകാറില്ല. മൊത്തം ശിൽപ്പങ്ങളിൽ പത്തു ശതമാനം മാത്രമേ ഉള്ളു രതി ശിൽപ്പങ്ങൾ. ഖജുരാഹോ ശിൽപ്പങ്ങൾ ജീവിത അവസ്ഥകളായ ധർമ്മം, അർത്ഥം, കാമം, മോക്ഷങ്ങളെ ചിത്രീകരിക്കുന്നു. ഭാരതീയ പാരമ്പര്യമനുസരിച്ച് കാമം ജീവിതത്തിൽ അതിപ്രധാനം ആണ്. അത് കൊണ്ടാണ് രതി ശിൽപ്പങ്ങളും ക്ഷേത്ര  ചുവരുകളെ അലങ്കരിച്ചിരിക്കുന്നത്.

സഞ്ചാരികളുടെ ശ്രദ്ധക്ക് 
കേരളത്തിൽ നിന്നുള്ള സഞ്ചാരികൾക്ക് ഝാൻസി നഗരത്തിൽ നിന്ന് ഖജുരാഹോയിൽ എത്തിച്ചേരാൻ ആണ് സൗകര്യം. കേരളത്തിൽ നിന്നും വടക്കേ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള മിക്കവാറും ട്രെയിനുകൾ ഝാൻസി വഴി കടന്നു പോകുന്നവയാണ്. ഇവിടെ നിന്നും ഖജുരാഹോയിലേക്ക് 175 കിലോമീറ്റർ ദൂരം ഉണ്ട്. ട്രെയിൻ മാർഗം പോകുന്നതാണ് സൌകര്യപ്രദം. 4.50 മണിക്കൂർ ട്രെയിൻ യാത്ര ഉണ്ട്. ഝാൻസിയിൽ നിന്നും ഖജുരാഹോയിലേക്ക് പുറപ്പെടുന്ന ട്രെയിനുകളുടെ സമയം ശ്രദ്ധിക്കുക, 2.25 am, 7.10 am, 2.35 pm. ഖജുരാഹോയിൽ നിന്നും തിരികെയുള്ള ട്രെയിൻ സമയം ഇതാണ്: 9.10 am, 12.30 pm, 6.20 pm. പ്രധാന ക്ഷേത്രങ്ങൾ ചുറ്റി നടന്നു വിശദമായി കാണുന്നതിനു ഒരു പകൽ മുഴുവൻ വേണം. ക്ഷേത്രങ്ങളുടെ മനോഹാരിത ആസ്വദിക്കണമെങ്കിൽ അതിരാവിലെയും, വൈകുന്നേരത്തും ക്ഷേത്ര ദർശനം നടത്തുക. അസഹനീയമായ തണുപ്പ് ഉള്ളതിനാൽ നവംബർ-ഡിസംബർ-ജനുവരി മാസങ്ങളിലെ യാത്ര ഒഴിവാക്കുക. ഫെബ്രുവരി-മാർച്ച്‌ മാസങ്ങളാണ് സന്ദർശന യോഗ്യമായ സമയം.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s