Preparations for the submission of PhD thesis

മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ ഗവേഷണ കാലത്തിന്റെ അവസാന ഘട്ടത്തിൽ ഉള്ള ഓരോ പ്രക്രിയയിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും, തയ്യാറാക്കേണ്ട രേഖകളും ഗവേഷകൻ (Library and Information Science, 2012-2019 batch) ആയിരുന്നപ്പോൾ എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ താഴെ പറയുന്നു. ഇവിടെ പറയുന്ന കാര്യങ്ങളും, യഥാർത്ഥ ക്രമനടപടികളും തമ്മിൽ വ്യത്യാസം കണ്ടേക്കാം.

ഈ ലേഖനത്തിന്റെ ഒന്നാം ഭാഗം വായിക്കാൻ സന്ദർശിക്കുക,

How to prepare for PhD final synopsis submission

സിനോപ്സിസ് സമർപ്പിച്ച ശേഷമുള്ള അടുത്ത ഘട്ടം ആണ് തീസിസ് സമർപ്പണം. സിനോപ്സിസ് സമർപ്പിക്കുന്ന അത്രയും ബുദ്ധിമുട്ടു വേണ്ടി വരില്ല തീസിസ് സമർപ്പണ പ്രക്രിയകൾക്ക്. സിനോപ്സിസ് സമർപ്പിച്ച ശേഷം മൂന്നു മാസത്തെ ഇടവേള കിട്ടും തീസിസ് സമർപ്പണത്തിനായിട്ട്. സമർപ്പണ കാലാവധിയുടെ അവസാന ദിവസം തീസിസ് സമർപ്പിക്കാൻ വേണ്ടി കാത്തിരിക്കരുത്. ചാപ്റ്ററുകൾ എല്ലാം എഴുതി തീർത്ത ശേഷം ഗൈഡിനെ കാണിച്ചു തിരുത്തലുകൾ വരുത്തുക, വേറെ ഏതെങ്കിലും വിദഗ്‌ധരെക്കൊണ്ട് തീസിസ് പരിശോധിപ്പിക്കുക, statistics integrity പരിശോധിപ്പിക്കുക, ഇംഗ്ലീഷ് ഗ്രാമർ പിശകുകൾ തീർക്കുക തുടങ്ങിയ കാര്യങ്ങൾ കാലാവധി തീരുന്നതിനു ഒരു മാസം മുൻപേ എങ്കിലും പൂർത്തിയാക്കുക. Synopsis സമർപ്പിച്ച ശേഷം 20 ദിവസങ്ങൾക്കുള്ളിൽ ക്ലിയറൻസ് ആയി എന്ന് സെക്ഷനിൽ നിന്ന് വിളിച്ചു പറയും. അത് കൂടി ഉറപ്പാക്കിയ ശേഷമേ തീസിസ് സമർപ്പിക്കാൻ സാധിക്കൂ. ഇടക്ക് സെക്ഷനിൽ ചെന്ന് അന്വേഷിക്കുന്നതും നല്ലതാണ്.

എല്ലാ വിധ പരിശോധനകൾക്കും ശേഷം തീസിസ് പ്രിന്റ് ചെയ്യാനായി ഏൽപ്പിക്കാം. തീസിസ് Preliminary പേജുകൾ (Cover page, acknowledgement, declaration etc.)എല്ലാം നിങ്ങൾ തന്നെ തായ്യാറാക്കി ഒറ്റ ഫയൽ ആക്കി മാറ്റുക. ഓരോ ചാപ്റ്ററുകൾ വെവ്വേറെ ഫയൽ ആയോ, ഒറ്റ ഫയൽ ആക്കിയോ നൽകാം. PhD തീസിസ് പ്രിന്റ് ചെയ്‌തു പരിചയം ഉള്ളവരെ വേണം ഏൽപ്പിക്കാൻ. ഈ പ്രവൃത്തി സ്ഥിരം ചെയ്യുന്നവർക്ക് സർവ്വകലാശാലാ നടപടികൾ നല്ല ധാരണ ഉണ്ടാവും. ആദ്യം ഒരു ഡ്രാഫ്റ്റ് പ്രിന്റ് ചെയ്‌തു വാങ്ങി വായിച്ചു നോക്കുക. എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ തിരുത്തുക. താഴെ പറയുന്ന കാര്യങ്ങൾ ആണ് തീസിസ് സമർപ്പിക്കുമ്പോൾ തയ്യാറാക്കി നൽകേണ്ടത്.

  1. Forwarding Letters. റിസർച്ച് സെന്റർ മേധാവിയുടെ കയ്യിൽ നിന്നും, ഗൈഡിന്റെ കയ്യിൽ നിന്നും forwarding ലെറ്ററുകൾ തയ്യാറാക്കി വാങ്ങണം. കത്തിന്റെ മാതൃകകൾ കാണുക. Letter forward by HOD, Letter forward by Guide.
  2. Author approval form. ഈ ഫോം തീസിസ് സമർപ്പിക്കുന്ന സെക്ഷനിൽ നിന്ന് കിട്ടും. നേരത്തെ വാങ്ങിച്ചു വെക്കുക. അതിൽ ഗൈഡിന്റെ ഒപ്പ്, സീൽ പഠിക്കണം. Author approval form മാതൃക.
  3. തീസിസ് 6 കോപ്പികൾ സമർപ്പിക്കണം. രണ്ടു കോപ്പി അധികം പ്രിന്റ് ചെയ്യുക. ഒരു കോപ്പി റിസർച്ച് ഗൈഡിനും, ഗവേഷണ വിദ്യാർത്ഥിക്കും സൂക്ഷിക്കാം. ഓരോ തീസിസിന്റെയും അകത്തുള്ള സർട്ടിഫിക്കറ്റ് ഗൈഡിനെ കൊണ്ട് ഒപ്പിടിവിക്കണം. തീസിസ് പ്രിന്റ് ചെയ്ത ശേഷം ഗൈഡിനെ കാണിക്കാൻ കൊണ്ട് പോകുമ്പോൾ ചെയ്‌താൽ മതി. തീസിസ് അകത്തുള്ള ഗവേഷക വിദ്യാർത്ഥിയുടെ Declaration ൽ തീയതി സമർപ്പിക്കുന്ന അന്നത്തെ എഴുതാൻ വേണ്ടി ഒഴിച്ചിടുക.
  4. തീസിസ് 4 കോപ്പികൾ CD യിലാക്കി സമർപ്പിക്കണം. എല്ലാ CD യുടെ മുകളിൽ തീസിസ് പേര്, ഗവേഷകന്റെ പേര്, റിസർച്ച് സെന്റർ പേര് എഴുതണം.
  5. Plagiarism report. എല്ലാ തിരുത്തലുകളും കഴിഞ്ഞ തീസിസ് softcopy (doc, pdf) ഫോർമാറ്റിൽ ഒറ്റ ഫയൽ ആക്കി DTP സെന്ററിൽ നിന്നും വാങ്ങി plagiarism checking യൂണിവേഴ്സിറ്റി ലൈബ്രറിയിൽ എത്തിക്കണം. അപേക്ഷ സർവ്വകലാശാല ലൈബ്രറി website (http://library.mgu.ac.in)നിന്നും ഡൌൺലോഡ് ഫീസും അടച്ചു ലൈബ്രറിയിൽ ചെല്ലണം. Plagiarism റിപ്പോർട്ട് കിട്ടിയ ശേഷം അതിൽ Gude, Research Centre Head എന്നിവരുടെ ഒപ്പും സീലും പതിപ്പിക്കണം. അതിനു ശേഷം DTP സെന്ററിൽ കൊടുത്തു സ്‌കാൻ ചെയ്‌ത്‌, ഓരോ തീസിസ് കോപ്പിയുടെ ആദ്യ ഭാഗത്തു ചേർക്കണം. Plagiarism റിപ്പോർട്ട് ഒറിജിനൽ കോപ്പി തീസിസ് സമർപ്പിക്കുമ്പോൾ സെക്ഷനിൽ കൊടുക്കേണ്ടതാണ്.
  6. Panel of Examiners. ഇത് ഗൈഡിനോട് നേരത്തെ തയ്യാറാക്കി വെക്കാൻ പറയുക. തീസിസ് സമർപ്പിക്കുന്ന അന്ന് കൊടുക്കണമെന്ന് നിർബന്ധമില്ല. അന്ന് തന്നെ കൊടുക്കുകയോ, ഗൈഡ് സെക്ഷനിൽ എത്തിക്കാനോ ഉള്ള ഏർപ്പാട് ചെയ്യാം.

അവസാന തീയതിക്ക് ഏതാനും ദിവസങ്ങൾക്കു മുൻപെങ്കിലും തീസിസ് സമർപ്പിക്കാൻ ശ്രമിക്കുക. അപ്രഖ്യാപിത അവധികൾ, ഹർത്താലുകൾ, പ്രകൃതി ക്ഷോഭങ്ങൾ തുടങ്ങിയവ  കാരണം തടസ്സങ്ങൾ ഉണ്ടാവാം. എല്ലാ തീസിസിന്റെയും ഒരു വശത്തു വലിയ അക്ഷരത്തിൽ ഗവേഷകന്റെ പേര് എഴുതാൻ സെക്ഷനിൽ നിന്ന് ആവശ്യപ്പെടും. അവിടെ നിന്ന് തന്നെ സ്കെച്ച് പേനയും തരും. തീസിസ് സമർപ്പിച്ചു കഴിഞ്ഞാൽ അര മണിക്കൂറിനുള്ളിൽ ഒരു രസീതും തരും. ഇതോട് കൂടി PhD തീസിസ് സമർപ്പണ പ്രക്രിയ പൂർത്തിയാകും.